ദൈവത്താറിന്റെ പൊന്മുടി ഉയരുന്ന നാട്ടിലേക്ക് ഒരു യാത്ര

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിലെ പ്രസിദ്ധമായ ഒരു ഹൈന്ദവ ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്.ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകളായും വിശുദ്ധവനങ്ങളായും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.ഇവിടത്തെ മുഖ്യ പ്രതിഷ്ഠ ശ്രീരാമൻ,ലക്ഷ്മണൻ,സീത എന്നിവയാണ്. അണ്ടലൂർ കാവിൻറെ മുഖ്യ ആകർഷണവും ഈ കാടുകളാണ്.രണ്ടായിരം വർഷം പഴക്കമുള്ള മരങ്ങൾ ഇവിടെയുണ്ട്.മേലെകാവ് എന്നും താഴെക്കാവ് എന്നും രണ്ട് ദേവസ്ഥാനങ്ങലാണ് ഇവിടെയുള്ളത്.ഇതിൽ താഴേക്കാവ് കാടുകൾ നിറഞ്ഞ പ്രദേശമാണ്.നിരവധി തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുന്നത്.അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്.ശ്രീരാമൻ,ലക്ഷ്മണൻ, ഹനുമാൻ,സീത എന്നീ ദേവ സങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്.ഇവിടുത്തെ പ്രധാന ഉത്സവചടങ്ങുകൾ രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
ധർമ്മടം ഗ്രാമം അറബിക്കടലിനോട് ചേർന്നു കിടക്കുന്നതിനാൽ ഗ്രാമത്തിന്റെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്.തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം ഉയർന്ന ഭൂവിഭാഗമാണ്.താണനിലങ്ങൾ പാലയാടും അണ്ടലൂരിലുമാണ്.മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെയാണ്. ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്.അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്താണ്.”കാവ്” എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം കൂടിയുണ്ട്.ഏഴുദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ തിറ ഉത്സവം.മലയാളമാസം കുംഭം ഒന്നാം തീയ്യതി കാവിൽകയറൽ,രണ്ടാം തീയ്യതി ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെയാണ് അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നത്.മൂന്നാം തീയ്യതി മേലൂരിൽ നിന്നും കുടവരവുണ്ട്.നാലാം തീയ്യതി മുതൽ തെയ്യങ്ങൾ കെട്ടിയാടാൻ തുടങ്ങും.നാലാം തീയ്യതി സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം അണിയറയിൽനിന്നും മുഖത്തെഴുത്തും ചമയങ്ങളോടും പടിഞ്ഞാറേത്തറയിലേക്ക് എഴുന്നള്ളുന്നു.അവിടെ പീഠത്തിൽ ഇരുന്നു ദൈവത്താർ പൊന്മുടി ചാർത്തുന്നു.ഇത് ശ്രീരാമ പട്ടാഭിഷേകമെന്നാണ് സങ്കൽപ്പം.ദൈവത്താർ മുടിവെച്ചുകഴിഞ്ഞു തറയിൽനിന്നുമിറങ്ങി അങ്കക്കാരൻ,ബപ്പൂരൻ എന്നീ തെയ്യങ്ങളോടും കൂടി വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങുണ്ട്.
വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും അതിൽ പങ്കെടുക്കുന്നു. ഇവിടത്തെ പ്രധാന ചടങ്ങായ ഈ വലംവയ്ക്കലിനു മെയ്യാലം കൂടുക എന്നാണ് പറയുന്നത്.പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക.കുളുത്താറ്റിയവർ വാനരപ്പടയാണെന്നാണ് സങ്കൽപ്പം.മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി പരിവാരങ്ങളോടുകൂടി ദൈവത്താറും അങ്കക്കാരനും ബപ്പൂരനും കൊട്ടിലിലേക്ക് എഴുന്നള്ളുന്നു.അവിടെ മണിക്കിണറിൽ മുഖദർശനം നടത്തൽ ചടങ്ങ് ഉണ്ട്.പിന്നീട് മൂന്നു തെയ്യങ്ങളും താഴേക്കാവിലേക്ക് എഴുന്നള്ളുന്നു.ഇത് സീതയെ വീണ്ടെടുക്കാൻ ലങ്കയിലേക്ക് പോകുന്നതായാണ് സങ്കൽപ്പം.പുലർച്ചയ്ക്ക് സീതയും മക്കളും പുറപ്പെടുന്നു.അതിനുശേഷം തൂവക്കാരി,മലക്കാരി,വേട്ടയ്ക്കൊരുമകൻ,പൊൻമകൻ,പുതുച്ചേകവൻ,നാക്കണ്ഠൻ,നാപ്പോതി(നാഗഭഗവതി),ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ പുറപ്പെടുന്നു.ഇവരിൽ ചില തെയ്യങ്ങൾ മുടി കിരീടങ്ങൾ മാത്രം മാറി മാറി ധരിച്ചു കലാശം ചവിട്ടുന്നവരാണ്.ഉച്ചയ്ക്ക് മുമ്പായി ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്.രാവിലെ ഇറങ്ങുന്ന ചെറിയ ബപ്പൂരനാണ് ബാലീ സുഗ്രീവ യുദ്ധത്തിൽ മദ്ധ്യസ്ഥം വഹിക്കുന്നത്.ഈ ബപ്പൂരൻറെ ശിരോമകുടത്തിന് വ്യത്യാസമുണ്ട്.ബപ്പൂരാൻ ഇടപെടുന്നതോടെ രണ്ടുപേരും തമ്മിലുള്ള യുദ്ധം തീർന്നു എന്നാണ് സങ്കൽപം.നാലാം തിയതി മുതൽ ഏഴാം തിയതിവരെ ചടങ്ങുകൾ ഒരുപോലെയാണ്.
താഴെക്കാവ് നിറയെ മരങ്ങളും വള്ളികളും കുറ്റിക്കാടുകളും ഏതാനും തറകളുംചേർന്ന പ്രദേശമാണ്.ഇത് രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ രാവണന്റെ വാസസ്ഥലമായി (അശോക വനം) കണക്കാക്കപ്പെടുന്നു.അങ്കക്കാരൻ തെയ്യത്തിൻറെ ആട്ടം അരങ്ങേറുന്നത് ഇവിടെ വച്ചാണ്.അപൂർവ്വയിനം സസ്യങ്ങളാൽ സമ്പുഷ്ടമാണ് താഴെക്കാവ്.വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി ഇവിടെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.മേലെക്കാവിൽ ശ്രീരാമൻ,ഹനുമാൻ, ലക്ഷ്മണൻ എന്നീ ഹിന്ദു ദൈവങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വസിക്കുന്നത്.ശ്രീരാമ രൂപം ഇവിടെ ദൈവത്താർ എന്ന പേരിലാണ് ആരാധിക്കപ്പെടുന്നത്.ലക്ഷ്മണൻ അറിയപ്പെടുന്നത് അങ്കക്കാരൻ എന്ന പേരിലും ഹനുമാൻ ബപ്പൂരൻ എന്ന പേരിലും തെയ്യമായി കെട്ടിയാടുന്നു.ബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ഇവിടെ തിറ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയാടുന്നവയാണ്.പരമ്പരാഗത വാസ്തുശിൽപ്പ മാതൃകയിലാണ് ഇതിൻറെ നിർമ്മാണം.വിവിധ തെയ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇവിടെ ലഭ്യമാകും.കൂടാതെ ഒരു ഫോട്ടോ ഗാലറിയും ഇവിടെയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.