കണ്ണന്റെ ജന്മ വീഥിയെക്കുറിച്ച് അറിയാം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം.ഇത് ഒരു ഹൈന്ദവ ക്ഷേത്രം കൂടിയാണ്.വടക്കുപടിഞ്ഞാറുമാറിതൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ ഗുരുവായൂർ പട്ടണത്തിലാണ് സ്ഥിതിചെയ്യുന്നത്.ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീകൃഷ്ണ സങ്കൽപ്പത്തിലുള്ള മഹാവിഷ്ണുവാണ്.കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണിത്.ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവ ക്ഷേത്രവും ഇതുതന്നെയാണ്.ശ്രീകൃഷ്ണഭഗവാനെ ആരാധിയ്ക്കുന്നത് ഇവിടെ 12 ഭാവങ്ങളിലായാണ്.ദേവകിക്കും വസുദേവർക്കും കൃഷ്ണാവതാര സമയത്ത് കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപം ഇതാണെന്നാണ് ഭക്തർ വിശ്വസിയ്ക്കുന്നത്.ക്ഷേത്രത്തിലെ പ്രധാന ആഘോഷം കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്.കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം,ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി,തിരുവോണം,മേടമാസത്തിൽ വിഷു എന്നിവയും വിശേഷമാണ്.ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി,അയ്യപ്പൻ,ഇടത്തരികത്തുകാവ് ദുർഗ്ഗാഭഗവതി,ശിവൻ,സുബ്രഹ്മണ്യൻ,ഹനുമാൻ,നാഗദേവതകൾ എന്നിവർ കുടികൊള്ളുന്നു.
ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിയ്ക്കപ്പെടുന്ന ചതുർബാഹുവുംശംഖചക്രഗദാപദ്മധാരിയുമായ പരബ്രഹ്മൻ മഹാവിഷ്ണു ഭഗവാനാണ് ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ.ഈ പ്രതിഷ്ഠയെ ഭക്തർ വിളിച്ചിരുന്നത് ഗുരുവായൂരപ്പൻ എന്നാണ്.പാതാളാഞ്ജനം എന്ന അത്യപൂർവ്വവും വിശിഷ്ടവുമായ ശിലയിൽ തീർത്തതാണ് ഇവിടത്തെ അതിമനോഹരമായ വിഗ്രഹം.ഏറെ പവിത്രമായാണ് കണക്കാക്കപ്പെടുന്നത്.ഏകദേശം വിഗ്രഹത്തിന് നാലടി ഉയരമാണുള്ളത്.ഉണ്ണിക്കണ്ണനായും ഗുരുവായൂരപ്പനെ ഇവിടെ കാണുന്നു.ഇവിടത്തെ പ്രതിഷ്ഠ കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ്. വിഷ്ണുവിഗ്രഹത്തിന് 24 ഭാവങ്ങളാണ് ഹിന്ദു നിയമ പ്രകാരമുള്ളത്.ഭാവവ്യത്യാസമനുസരിച്ച് ശംഖ്,ചക്രം,ഗദ,പദ്മം എന്നിവ ധരിച്ച കൈകൾക്കും വ്യത്യാസം കാണാൻ കഴിയും.പുറകിലെ വലതുകയ്യിൽ ചക്രം,മുമ്പിലെ വലതുകയ്യിൽ പദ്മം,പുറകിലെ ഇടതുകയ്യിൽ ശംഖ്,മുമ്പിലെ ഇടതുകയ്യിൽ ഗദ എന്നിവ ധരിച്ച രൂപത്തിലുള്ള വിഗ്രഹത്തിന് നിയമപ്രകാരം ജനാർദ്ദനൻ എന്നുപറയും. ഈ രൂപത്തിലാണ് ഗുരുവായൂരിലെ വിഗ്രഹം.കുരവയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം.14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.കുരവക്കൂത്ത് എന്ന പുരാതന കലാരൂപം ഇവിടെ അരങ്ങേറിയിരുന്നതായി വി.വി.കെ വാലത്ത് ഊഹിക്കുന്നു.കുരവയൂർ എന്ന പേര് ഇങ്ങനെ വന്നതാണെന്നാണ് പറയുന്നത്.അങ്ങനെ ഇത് ഗുരുവായൂർ എന്നായി മാറി.
പതിനാലാം നൂറ്റാണ്ടിലെ കോകസന്ദേശം പോലെയുള്ള ഗ്രന്ഥങ്ങളിൽ തമിഴ് സ്വാധീനം വളരെ വ്യക്തമാണ്.തമിഴ് ഭാഷയിൽ ‘ഗ’,’ക’ എന്നിവയ്ക്ക് ക എന്ന അക്ഷരം തന്നെയാണ് ഉപയോഗിക്കുന്നത്.അതിനാൽ കുരവയൂർ ഗുരുവായൂർ ആയി മാറിയതാണെന്ന വാദം നിലനിൽക്കില്ലെന്നും വാദഗതികൾ ഉണ്ട്.കേരളത്തിലെ മറ്റു കലാരൂപങ്ങൾക്ക് വ്യക്തമായ ചരിത്രം ലഭ്യമാണെന്നിരിക്കെ കുരവക്കൂത്ത് എങ്ങനെ വിസ്മരിക്കപ്പെട്ടു എന്നും ചോദ്യമുയരുന്നുണ്ട്.ഈ കലാരൂപത്തെക്കുറിച്ച് മറ്റു പരാമർശങ്ങൾ ലഭ്യമല്ല.ഗുരുവായൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ഒരു കഥ നാരദപുരാണത്തിൽ വർണ്ണിക്കുന്നുണ്ട്. കുരുവംശത്തിലെ പിന്മുറക്കാരനും അർജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത് മഹാരാജാവ് മുനിശാപത്തെത്തുടർന്ന് ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ ജനമേജയൻ തന്റെ പിതാവിന്റെ അന്ത്യത്തിനുകാരണമായ സർപ്പവംശത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്നതിനായി ‘സർപ്പസത്രം’ എന്ന ഉഗ്രയാഗം നടത്തുകയായിരുന്നു.നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി.എന്നാൽ അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല.തന്മൂലം ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു.രോഗശാന്തിക്കായി ധാരാളം വഴികൾ നോക്കിയിട്ടും ഒന്നും ഫലം കണ്ടില്ല.അങ്ങനെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഏറെ തളർന്ന ജനമേജയനുമുമ്പിൽ ദത്താത്രേയമഹർഷി പ്രത്യക്ഷപ്പെടുകയും രോഗശാന്തിക്കായി ഗുരുവായൂരിലെ മഹാവിഷ്ണുവിനെ ഭജിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് വിവരിച്ചുകൊടുത്തു.
ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യകഥയാണ് ‘ഗുരുവായൂർ’ എന്ന സ്ഥലനാമവുമായും ബന്ധപ്പെട്ട് സാധാരണയായി പറഞ്ഞുകേൾക്കാറുള്ളത്.സൃഷ്ടികർത്താവായ ബ്രഹ്മാവിന് ഹിന്ദുവിശ്വാസപ്രകാരം നിത്യപൂജ നടത്താൻ മഹാവിഷ്ണു നിർമ്മിച്ചുകൊടുത്ത വിഗ്രഹം പിന്നീട് സുതപസ്സ്,കശ്യപൻ,വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ കൈവശം എത്തിച്ചേരുകയായിരുന്നു.അങ്ങനെ ഭഗവാൻ അത് ദ്വാരകയിൽ നിത്യപൂജ നടത്തുകയും ഒടുവിൽ ഭഗവാന്റെ വൈകുണ്ഠാരോഹണത്തിനുശേഷം ദ്വാരക പ്രളയത്തിലാണ്ടുപോയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് ഇവിടെ കൊണ്ടുവരികയായിരുന്നു.ശിവഭഗവാന്റെ ആജ്ഞാനുസരണം ഇവിടെ പ്രതിഷ്ഠിയ്ക്കുകയും തന്മൂലം സ്ഥലം ‘ഗുരുവായൂർ’ എന്നറിയപ്പെടുകയും ചെയ്തു എന്നതാണ് പ്രസിദ്ധമായ ആ ഐതിഹ്യകഥ.

Be the first to comment

Leave a Reply

Your email address will not be published.