കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായ കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം.ഭദ്രകാളിയുടെ മൂലാകേന്ദ്രമായാണ് കരുതപ്പെടുന്നത്.ഇത് ദേവി ഉപാസകരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ്.കേരളത്തിൽ ആദ്യമായി ആദിപരാശക്തിയെ കാളീരൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്.കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ ഭഗവതിയായ ഭദ്രകാളി അഥവാ കണ്ണകി കേരളത്തിൽ പ്രസിദ്ധയാണ്.ഈ ക്ഷേത്രത്തിലെ യഥാർത്ഥ പ്രതിഷ്ഠയായ മഹാകാളി രഹസ്യ അറയിൽ പടിഞ്ഞാറു ദർശനത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നു.ഇതിന്റെ ഒരു പ്രതിരൂപം മാത്രമാണ് വടക്കു ദർശനത്തിൽ കാണപ്പെടുന്നത്.അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ.ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇവർ നടത്തുന്നത്.കുന്നത്ത്,മഠത്തിൽ,നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം.കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ് ആദ്യമായി കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്.
പാർശ്വനാഥജൈനന്റെ പരദേവതയായിരുന്ന പത്മാവതീദേവിയെ ഉപജീവിച്ചുകൊണ്ട് പത്തിനിക്കടവുൾ(ഭാര്യാദൈവം) എന്ന പേരിലാണ്‌ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകി അറിയപ്പെട്ടിരുന്നത്.ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശിലക്ക് പിന്നെയും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.ചെങ്കുട്ടുവന്റെ കാലത്ത് ജൈനമതം കൊടുങ്ങല്ലൂരിന്റെ പരിസരങ്ങളിൽ സ്വാധീനം നേടിയിരുന്നു.കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാല സാഹിത്യങ്ങളിൽ പറയുന്നുണ്ട്. ഇതിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു.സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളായിരുന്നു.അശോകന്റെ കാലത്ത് ബുദ്ധമതത്തിന് പ്രചാരം സിദ്ധിക്കുകയും പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായെന്നും അങ്ങനെ കുരുംബ ഭഗവതി ക്ഷേത്രം മുൻപ് ഒരു ബൗദ്ധകേന്ദ്രമായി മാറിയെന്നും പല ചരിത്രകാരന്മാരും പറയപ്പെടുന്നു.അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻറെ ഭാഗമാണെന്നാണ് പറയുന്നത്.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ “ആദിപരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്”.എങ്കിലും ക്ഷേത്രത്തിലെ യഥാർഥ പ്രതിഷ്ഠ പടിഞ്ഞാറ് ദർശനമായിട്ടുള്ള “രഹസ്യ അറയിലുള്ള രൗദ്രരൂപിണിയായ മഹാകാളി ആണ്.സംഹാരമൂർത്തി ആയതിനാൽ നേരിട്ട് ദർശനം പാടില്ലാത്ത പ്രതിഷ്ഠ ആണിത്.എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്.വലിയ വെടി,ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്.ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്‌ കതിന വെടികളെ കാണുന്നത്. ഗുരുതിയാണ്‌ മറ്റൊരു വഴിപാട്.ശത്രുദോഷത്തിനും മാനസികപ്രശ്നങ്ങൾക്കും പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്.ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്.ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതിപൂജ നടത്തിയിരുന്നത് എന്നാണ് വിശ്വാസം.വൃശ്ചിക-ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്.ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്‌.101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും.ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു.ഗുരുതി പുഷ്പാഞ്ജലി,രക്ത പുഷ്പാഞ്ജലി,ശത്രുസംഹാര പുഷ്പാഞ്ജലി,മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടുന്നവയാണ്.മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത്.ദ്രാവിഡ ഗോത്രത്തിൽ പെട്ടവരാണ്‌ നടത്തുന്നത്.ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്‌.അതിന്‌ അവർ കൊല്ലം തോറും കർക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും വൃത്തിയാക്കണം.കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ “കൂട്ടമിരിപ്പ്”(തറക്കൂട്ടം)ഇപ്പോൾ കേരളത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമാണുള്ളത്.മലയാള മാസം ഒന്നാം തിയതിയാണ് കിഴക്കെനടയിൽ കൂട്ടമിരിപ്പ്.ഇത് പഴയ കാലത്തെ സഭയാണെന്നാണ് വിശ്വാസം.സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്ന് ക്രമമുണ്ടായിരുന്നു എന്നും പറയുന്നു.രേവതി നാളിൽ സന്ധ്യക്ക്‌ കാളി ദാരികനുമേൽ വിജയം വരിച്ചതിന്റെ പ്രതീകമായി വടക്കേനടയിലെ കൽവിളക്ക് തെളിയിക്കുന്നു. ഇതാണ് രേവതി വിളക്ക് എന്നറിയപ്പെടുന്നത്.രേവതി ദർശനത്തിന് രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. മീനമാസത്തിലെ ഭരണി നാളിൽ അടക്കുന്ന ക്ഷേത്രം പിന്നീട് 7 ദിവസം കഴിഞ്ഞു പൂയം നാളിലാണ് തുറക്കുക.ഇതാണ് പൂയത്തൻ നാളിലെ നടതുറപ്പ് എന്നറിയപ്പെടുന്നത്.ഏഴ് ദിവസം ക്ഷേത്രം അടച്ചു ഭഗവതിക്ക് ശ്രീവിദ്യാ സമ്പ്രദായപ്രകാരമുള്ള പൂജകൾ നടത്താറുണ്ട്.ഇതിന് ശേഷം നട തുറക്കുമ്പോൾ ദർശനം നടത്തുന്നത് സർവൈശ്വര്യ പ്രധാനമെന്നാണ് വിശ്വാസം.അന്നേദിവസം ധാരാളം ആളുകൾ ക്ഷേത്രത്തിൽ എത്തിച്ചേരാറുണ്ട്.
.

Be the first to comment

Leave a Reply

Your email address will not be published.