സുബ്രഹ്മണ്യക്ഷേത്രമായ പെരളശ്ശേരിയുടെ ചരിത്രം അറിയാം

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സുബ്രഹ്മണ്യക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.കണ്ണൂർ-കൂത്തുപറമ്പ് പാതയ്ക്കരികിലായിട്ടാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇവിടെ പഴനിയിലേതുപോലെ പടിഞ്ഞാറോട്ടാണ് ദർശനം.വടക്കേ മലബാറിലെ പ്രധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് പെരളശ്ശേരി അമ്പലം.നാഗപ്രതിഷ്ഠ, ശാസ്താവ്,ഗണപതി,ഭദ്രകാളി എന്നീ പ്രതിഷ്ഠകളും തുല്യ പ്രാധാന്യത്തോടെ നടത്തുന്നു.ഇവിടെ സർപ്പബലി,നൂറും പാലും തുടങ്ങിയ വഴിപാടുകൾ നാഗപ്രീതിയ്ക്കായി നടത്താറുണ്ട്.ഈ ക്ഷേത്രത്തിന് മുന്നിലുള്ള ക്ഷേത്രക്കുളം വളരെ പ്രസിദ്ധമാണ്.ഇവിടെയെത്തുന്ന തീർത്ഥാടകരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഈ കുളം.ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത് ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ്.തുലാമാസത്തിലെ സ്കന്ദഷഷ്ഠിയും വിശേഷമാണ്.മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയായി.ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം കൂടെയുണ്ടായിരുന്ന ഹനുമാനോടും ലക്ഷ്മണനോടും പറയുകയും ചെയ്തു.
ഒരിക്കൽ ബാലസുബ്രഹ്മണ്യൻ ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു.എന്നാൽ ബ്രഹ്മാവിനു അതിൻറെ അർത്ഥം പറഞ്ഞു കൊടുക്കാൻ പറ്റിയില്ല.ഈ കാരണത്താൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ തന്റെ സേനാനിയായ വീരബാഹുവിനോട് പറഞ്ഞു.പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്ക്കാൻ കാരണമാവുകയും ചെയ്തു.പരമേശ്വരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ പിന്നീട് മോചിപ്പിച്ചു.അതിന് പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു.അങ്ങനെ കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു.അതനുസരിച്ചു അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു.കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ അദ്ദേഹത്തെ സംരക്ഷിച്ചു.അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിയ്ക്ക് സുപ്രധാനസ്ഥാനം നല്കി പൂജിക്കണമെന്നു പറയുകയായിരുന്നു.അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ പ്രാധാന്യത്തെത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു.അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു.വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു.വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല.
ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ബിംബത്തിൻറെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ ബിംബവുമായ് എത്തി.ശ്രീരാമൻ വളയുടെ മുകളിൽ തന്നെ പ്രതിഷ്ടിക്കാൻ നോക്കുന്നതു കണ്ട ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചു കൂടെ എന്നു ചോദിച്ചു.അങ്ങനെ വള തിരിച്ചെടുക്കാൻ ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചു കൊടുക്കുകയുമുണ്ടായി.പെരുവളയിൽ സുബ്രഹ്മണ്യസ്വാമി കുടികൊണ്ടെന്ന് മനസ്സിലാക്കിയ ശ്രീരാമൻ തുടർന്ന് അവിടെ പ്രതിഷ്ഠ കഴിഞ്ഞതായി അറിയിക്കുകയായിരുന്നു.പെരുവള ഊരി പ്രതിഷ്ഠിച്ചതിനാലാണ് സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടത്. കാലാന്തരത്തിൽ അത് പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു.ഹനുമാൻ അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് താൻ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു.ഹനുമാൻ പ്രതിഷ്ഠിച്ച ക്ഷേത്രമിരിയ്ക്കുന്ന സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു.കാലാന്തരത്തിൽ അത് മക്രേരി എന്ന് അറിയപ്പെട്ടു.ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് ചിട്ട.പെരളശ്ശേരി ഗ്രാമത്തിന്റെ നടുവിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പടിഞ്ഞാറോട്ടാണ് ഇവിടെ ദർശനം.ക്ഷേത്രത്തിൽ നിന്ന് അല്പദൂരം കിഴക്കുമാറി അഞ്ചരക്കണ്ടിപ്പുഴയാണ്.ക്ഷേത്രത്തിന്റെ നേരെമുന്നിലായി വലിയൊരു ആൽമരം ആണുള്ളത്.
ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനുമാണ് അരയാലിന്‌ മുകളിലായി കുടികൊള്ളുന്നത്.അരയാലിനെ ത്രിമൂർത്തീ സാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായാണ് കണക്കാക്കുന്നത്.അരയാലിനെ ദിവസവും രാവിലെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായാണ് ഇവിടെ കണക്കാക്കപ്പെടുന്നത്.പ്രസിദ്ധമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നത് തെക്കു പടിഞ്ഞാറു ഭാഗത്താണ്.ഉത്തരേന്ത്യയിലേതു പോലെ പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്.ഇന്നത്തെ ഈ രൂപത്തിൽ കുളം നവീകരിച്ചത് 2001-ലാണ്.നിരവധി ചലച്ചിത്രങ്ങളും ആൽബങ്ങളുമാണ് ഇവിടെ ചിത്രീകരിയ്ക്കപ്പെട്ടിട്ടുള്ളത്.ഉത്സവാവസാനം ഭഗവാന്റെ ആറാട്ടും ഈ കുളത്തിലായിരുന്നു.കുളത്തിനടുത്തു തന്നെയാണ് വാഹന പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുള്ളത്.ഇതുമൂലം സ്ഥലപരിമിതി അടക്കമുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. അരയാലിനടുത്തുള്ള പടിക്കെട്ടുകളിലൂടെ കയറിയാൽ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലേക്കാണ് എത്തുന്നത്.വളരെ ചെറിയൊരു ഗോപുരമാണ് ഇവിടെയുള്ളത്.ഓടുമേഞ്ഞിട്ടാണ് ഈ ഗോപുരം പണിതിരിക്കുന്നത്.ഗോപുരത്തിനടുത്തായി ദേവസ്വം വക സ്റ്റേജും പണിതിട്ടുണ്ട്.ഇതിന് ഒരുപാട് പഴക്കവുമില്ല.തുലാസംക്രമം,തുലാം 10,11 തീയതികൾ,ധനു ഉത്സവം എന്നിവ ഇവിടുത്തെ പ്രധാന ഉത്സവങ്ങളാണ്.തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്.ഈ ദിവസം ഇവിടെ കാവേരി നദിയിലെ ജലം എത്തിച്ചെരുമെന്നാണ് വിശ്വാസം.കൂടുതൽ ഭക്തൻമാർ ആയില്യം നാളിൽ ഇവിടെയെത്താറുണ്ട്.നാഗപൂജയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം.എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠിദിവസങ്ങളും വിശേഷമാണ്.

Be the first to comment

Leave a Reply

Your email address will not be published.