
കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം.സൗപർണ്ണികാ നദിയുടെ തെക്കേ തീരത്തായാണ് ഈ ക്ഷേത്രം.ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം.ശക്തിഭാവങ്ങളുടെ മൂന്ന് ഐക്യരൂപമാണ് മഹാകാളി,മഹാലക്ഷ്മി,മഹാസരസ്വതി എന്നിവ.കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്.ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ മുഖ്യ പ്രതിഷ്ഠ ശ്രീ ചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ്.മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു.ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്,വിഷ്ണു,ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവുമാണ്.മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവുമാണുള്ളത്.ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്.ഈ ക്ഷേത്രത്തിലെ പ്രസാദം ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ കഷായമാണ്.നൂറ്റാണ്ടുകളുടെ പഴക്കമാണ് ഈ ക്ഷേത്രത്തിനുള്ളത്.ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും,ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്.മഹാദേവനെ നാല് ഭാവങ്ങളിലായാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ഗണപതി,സുബ്രഹ്മണ്യൻ,വീരഭദ്രൻ,ഹനുമാൻ,വിഷ്ണു,ശ്രീകൃഷ്ണൻ,നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.മൂകാംബികയുടെ സേനാനായകനായ വീരഭദ്രനെ തൊഴുതശേഷമാണ് ദേവീദർശനം ഇവിടെ നടത്തേണ്ടത്.
മീനമാസത്തിലെ കൊടിയേറ്റുത്സവവും,ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന നവരാത്രി-വിജയദശമി ഉത്സവവും വിദ്യാരംഭവും ഇവിടെ പ്രധാനമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ചണ്ഡികാഹോമം.മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായാണ് കരുതുന്നത്.ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നുള്ളതാണ്.മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ശാക്തേയ ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു.എന്നെങ്കിലും മലയാളികൾ വരാതായാൽ അന്ന് ദേവി കേരളത്തിലേയ്ക്ക് പോകും എന്നാണ് വിശ്വാസം.ക്ഷേത്ര ഉത്ഭവത്തെക്കുറിച്ച് പല സങ്കൽപ്പങ്ങളും ഐതിഹ്യങ്ങളും നിലവിലുണ്ട്. പുരാണങ്ങളിൽ ഈ ക്ഷേത്രത്തിനെക്കുറിച്ചു പരാമർശങ്ങൾ ഉണ്ടായിരുന്നു.ഇവിടെ ഒരുപാടുകാലം കോലൻ എന്നു പേരുള്ള ഒരു മഹർഷി ദേവി പരാശക്തിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നു.ആ അവസരത്തിൽത്തന്നെ കംഹാസുരൻ എന്നൊരു അസുരനും അമരത്വം നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ ശിവനെ തപസ്സു ചെയ്തുവന്നിരുന്നു.തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം മൂകനാക്കുകയായിരുന്നു. അങ്ങനെ അസുരന് മൂകാസുരൻഎന്ന പേരു ലഭിച്ചു.
ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു.ഒടുവിൽ ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയായിരുന്നു.അങ്ങനെ കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു സങ്കൽപം. ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ദേവി ഇവിടെ സ്വയംഭൂവായി അവതരിച്ചതെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്.ആ ദിവസം ഇവിടെ ജന്മാഷ്ടമി എന്ന് അറിയപ്പെടുന്നു.കേരളത്തിൽ മഹാസരസ്വതിയ്ക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ ദുഃഖിച്ച ജഗദ്ഗുരു ശങ്കരാചാര്യർ അനേക ദിനങ്ങൾ തപസ്സുചെയ്തതിൽ പ്രസാദിച്ച് മഹാസരസ്വതി പ്രത്യക്ഷപ്പെടുകയായിരുന്നു.കേരളത്തിലേക്ക് ഭഗവതിയെ കൂട്ടികൊണ്ട് വരുന്ന വഴിയിൽ അമ്മയുടെ ഇഷ്ടപ്രകാരം ഈ പ്രദേശത്ത് അന്ന് ദർശനം കൊടുത്ത അതേ രൂപത്തിൽ സ്വയംഭൂ ശിവലിംഗത്തിന് പുറകിലായി അദ്ദേഹം ജഗദീശ്വരിയെ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു.ആദിശങ്കരൻ നിശ്ചയിച്ച പൂജാവിധികളാണ് ഇന്നും ക്ഷേത്രത്തിൽ പിന്തുടർന്നു വരുന്നതാണെന്നാണ് പറയുന്നത്.ശിവനോടൊപ്പം ഇരിക്കുന്നതിനാൽ മഹാദേവിക്ക് പാർവതീ ഭാവം കൂടി സങ്കൽപ്പിക്കപ്പെടുന്നു.
മൂകാംബികയെ ദർശിച്ചാൽ കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ചയും സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.അതിനാൽ കലാസാഹിത്യ സിനിമാ മേഖലകളിലെ പ്രമുഖരും വിദ്യാർത്ഥികളും ഈ പുണ്യക്ഷേത്രം ധാരാളമായി സന്ദർശിക്കാറുണ്ട്.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബിക ദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും പഠനതാല്പര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.ലോകനാഥയായ മൂകാംബിക തന്നെയാണ്പ രമാത്മാവും, പ്രകൃതിയും,ജീവനും,പരബ്രഹ്മവും,വികൃതിയും,കലാകാവ്യങ്ങളും,ബുദ്ധിയും,കുണ്ഡലിനി ശക്തിയുമെല്ലാം എന്ന് ഭക്തർ ഇച്ഛാശക്തി, വിശ്വസിക്കുന്നു.ദുർഗ്ഗതിനാശിനി ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്.നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ ക്രിയാശക്തി,ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.പരശുരാമൻ സ്ഥാപിച്ചതാണ് ഇവിടുത്തെ ശിവലിംഗ പ്രതിഷ്ഠ എന്നാണ് വിശ്വാസം.നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമാണ് ക്ഷേത്രത്തിലുള്ളത്.പുലർച്ചെ അഞ്ചു മണിയ്ക്കാണ് നടതുറക്കുന്നത്.ആദ്യത്തെ ചടങ്ങ് നിർമ്മാല്യ ദർശനമാണ്.അതിനുശേഷമാണ് സ്വയംഭൂലിംഗത്തിൽ അഭിഷേകം നടത്തുന്നത്.പഞ്ചലോഹവിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല.പ്രത്യേക രീതിയിലുള്ള നിരവധി പൂജകളാണ് ഇവിടെ ഉള്ളത്.ഇവിടത്തെ കൊടിയേറ്റുത്സവം വളരെ പ്രസിദ്ധമാണ്.
Leave a Reply